പ്രിയ സുഹൃത്തേ ........
നീയോര്‍മിക്കാത്ത മറ്റുള്ളവരുടെയും നിന്‍റെ തന്നെയും ജന്മദിനങ്ങള്‍,ഓണം വിഷു,പെരുന്നാള്‍,ജനനം,മരണം എത്രയെത്ര വിശേഷദിനങ്ങള്‍!!! വീട്ടിലെ ചുമരില്‍ പറ്റിക്കിടന്നും മേശക്കുമുകളില്‍ ഒടിഞ്ഞിരുന്നും ഫോണിനുള്ളില്‍ മിന്നിത്തെളിഞ്ഞും ഞാനിതെല്ലാം ഓര്‍മിപ്പിക്കുന്നു.ഞാനെപ്പോഴും കഴിഞ്ഞുപോയ നാളുകളെ കുറിച്ച് വീര്‍പ്പുമുട്ടുമ്പോള്‍ നീ എന്നെ നോക്കിപ്പറഞ്ഞിരുന്നത് നാളെയുണ്ടല്ലോ നാളെയുണ്ടല്ലോ എന്നല്ലേ ?
നിന്‍റെ ജീവിതം എന്നെപ്പോലെയാണ്-സുഖദുഖങ്ങള്‍ഇഴചേര്‍ന്നത്. ആദ്യമായി കണ്ടനാളില്‍ എനിക്ക് തന്ന വാഗ്ദാനങ്ങള്‍ നീഓര്‍മിക്കുന്നുണ്ടോ? എന്‍റെ പന്ത്രണ്ടാമത്തെ പുത്രന്‍ അവസാനശ്വാസത്തിനായി പിടയുമ്പോള്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും കുപ്പി പൊട്ടിച്ചും നീ ആഘോഷിച്ചു. നിന്‍റെ ആഘോഷങ്ങളുടെ അവസാനം മുന്‍പ് ചെയ്തത്പോലെ ഒരു നാണവുമില്ലാതെ എന്‍റെ അടുത്ത തലമുറയോട് നീ വീണ്ടും വാഗ്ദാനങ്ങള്‍ നിരത്തി .കൈത്തണ്ടയിലോടുന്ന സമയവും നെഞ്ചിനുള്ളിലെ മിടിപ്പും ഓടിത്തളരുന്നത് നീയറിഞ്ഞില്ല .
നീയെപ്പോഴും എന്‍റെ വേഗത്തെക്കുറിച്ച് പരാതി പറഞ്ഞു കാത്തുനില്‍ക്കാമെന്നു ഞാന്‍ നിനക്ക് വാക്കു തന്നിരുന്നുവോ ??? നിനക്കുതന്നെ വേണ്ടാത്ത നിന്‍റെ സുഖദുഃഖങ്ങളെ എന്നെന്നേക്കുമായി അടയാളപ്പെടുത്തിവെക്കാന്‍ ഞാനും എന്‍റെ പന്ത്രണ്ടുമക്കളും എല്ലാം നെഞ്ചിലടക്കിപ്പിടിച്ചുകൊണ്ടു നിന്‍റെ കൂടെയുണ്ടാകും ........ പെയ്തൊഴിഞ്ഞ മഴയും നടന്നു തീര്‍ന്ന വഴികളും ഇനിയില്ല എന്നോര്‍മിപ്പിച്ചുകൊണ്ട് നിന്‍റെ കൂടെയുണ്ടാകും ...........
ഒരാശ്വസത്തിനായി ഒന്ന് ചോദിച്ചോട്ടെ ...........
" ഓരോ ആണ്ടറുതിക്കും എന്‍റെ ഓരോ തലമുറയെയും
നിങ്ങള്‍ എന്തിനാണ് തൂക്കിലേറ്റുന്നത്"
എന്ന് സ്വന്തം
കലണ്ടര്‍
![]() |
| Thanks:google image |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ