2015 ഓഗസ്റ്റ് 12

കലാം..കാലം നല്‍കിയ സമ്മാനം

              



          

                                   രണ്ടു പെട്ടികളും തൂക്കി “പൂന്തോട്ടങ്ങളെ എനിക്ക് നഷ്ടമാകുന്നുവല്ലോ” എന്ന്‍ മാത്രം വേദനിച്ചു കൊണ്ട് എ .പി .ജെ .അബ്ദുല്‍ കലാം രാഷ്‌ട്രപതിഭവന്‍റെ പടിയിറങ്ങിയപ്പോള്‍ ശതകോടി സ്വപ്‌നങ്ങള്‍ നഷ്ടപ്പെടുന്ന വേദനയാണ് ഓരോ ഭാരതീയനും ഉണ്ടായത്.
മുന്നൂറ്റിനാല്പതോളം മുറികളുള്ള മണിമാളികയില്‍ നിന്നും നാല് ചുമരുകള്‍ മാത്രമുള്ള തന്‍റെ പഴയ കര്‍മ്മഭൂമിയിലേക്ക് ചുവടു മാറ്റാന്‍ മണിക്കൂറുകള്‍ മാത്രമെടുത്ത കലാമിന്‍റെ മഹത്വം നമ്മില്‍ എത്ര പേര്‍ക്കുണ്ടാകും......


                            രാമേശ്വരം കടപ്പുറത്ത് പുളിങ്കുരു വിറ്റും,പത്രം വിതരണം ചെയ്തും വളര്‍ന്നു വന്ന പയ്യന്‍ ലോകമറിയുന്ന ശാസ്ത്രകാരനും ,പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ സര്‍വസൈന്യാധിപനുമായത് ഇതേ ഊര്‍ജസ്വലത കൊണ്ടു തന്നെയാണ് .ഒരു കലാമിനെ പോലെ നമുക്ക് ഒരുപാട് പേരുണ്ടാകില്ല........

             കലാം നമുക്ക് കാലം നല്‍കിയ സമ്മാനമാണ്  


അദ്ധേഹത്തിന്‍റെ തന്നെ വാക്കുകളിലൂടെ ............

          രാമേശ്വരം മോസ്ക് സ്ട്രീറ്റിലെ നൂറുവര്‍ഷത്തിലേറെക്കാലം ജീവിച്ചു അവിടെത്തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്‍റെ മകന്‍റെ കഥ ;തന്‍റെ സഹോദരനെ സഹായിക്കുവാനായി വര്‍ത്തമാനപ്പത്രങ്ങള്‍ വിറ്റുനടക്കുന്ന ഒരു ബാലന്‍റെ കഥ ;ശിവസുബ്രമണ്യഅയ്യരാലും അയ്യാദുരൈ സോളമാനാലും വളര്‍ത്തിയെടുക്കപ്പെട്ടൊരു കൊച്ചുശിഷ്യന്‍റെ കഥ ;പണ്ടാലയെ പോലുള്ള അധ്യാപകര്‍ പഠിപ്പിച്ചൊരു വിദ്യാര്‍ഥിയുടെ കഥ ;എം .ജി .കെ മേനോന്‍ കണ്ടെത്തപ്പെട്ട ഐതിഹാസികനായ പ്രൊഫ :സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട ഒരു എന്‍ജിനീയറുടെ കഥ ;പരാജയങ്ങലാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ടൊരു ശാസ്ത്രകാര ന്‍റെ കഥ ;അതിമിടുക്കരും സമര്‍പ്പിതരുമായ വിദഗ്ധരുടെ വലിയൊരു ടീമിനാല്‍ പിന്തുണക്കപ്പെട്ടൊരു ലീഡറുടെ കഥ ;ഈ കഥ എന്നോടൊപ്പം അവസാനിക്കും .ലൌകികമായി എനിക്കൊരു പിന്‍ഗാമിയില്ല . ഞാനൊന്നും നേടിയിട്ടില്ല,ഒന്നും നിര്‍മിച്ചിട്ടില്ല,ഒന്നും കൈവശം വെക്കുന്നുമില്ല-കുടുംബമോ പുത്രന്മാരോ പുത്രിമാരോ,യാതൊന്നും....


             മഹത്തായ ഈ നാട്ടിലെ ഒരു കിണറാണ് ഞാന്‍
             ഒരിക്കലുംവറ്റാത്ത ദിവ്യത്വം
             കോരിയെടുക്കാന്‍ വരുന്ന ഈ നാട്ടിലെ
             കോടാനുകോടി യുവതീയുവാക്കളെ തേടുന്ന കിണര്‍
             കിണറ്റിലെ ജലമെന്ന പോലെ
             അവരാ ദിവ്യമഹത്വം എങ്ങും പരത്തട്ടെ

മറ്റുള്ളവര്‍ക്കൊരു ഉദാഹരണമായി എന്നെത്തന്നെ പ്രതിഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .പക്ഷെ കുറച്ചു ആത്മാക്കളെങ്കിലും എന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയും അന്തിമമായ സംതൃപ്തി ഒരു ആത്മീയജീവിതത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നു മനസ്സിലാക്കുകയും  ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഈശ്വരന്‍റെ പിന്‍ബലമാണ് നിങ്ങളുടെ ജന്മാവകാശം.എന്‍റെ പ്രപിതാമഹന്‍ അവുളിന്‍റെയും ,എന്‍റെ പിതാമഹന്‍ പകീറിന്‍റെയും,എന്‍റെ പിതാവ് ജൈനുലാബ്ദീന്‍റെയും പിന്തുടര്‍ച്ച അബ്ദുല്‍ കലാമില്‍ അവസാനിക്കുകയായിരിക്കാം,പക്ഷെ അവിടുത്തെ കൃപ ഒരിക്കലും അവസാനിക്കുന്നില്ല,എന്തെന്നാല്‍ അത് അനശ്വരമാണ്.



            





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ