2015 ഓഗസ്റ്റ് 28

ഓര്‍മയിലെ ഓണം

Thanks:google images

                                          പാടവരമ്പുകള്‍ താണ്ടി,എന്‍റെ പൂക്കാലങ്ങളെ തേടിവന്ന തുമ്പയുടെയും മുക്കുറ്റിയുടെയും ഓര്‍മയ്ക്ക് ,കായ വറുത്തതിന്‍റെയും പപ്പടം കാച്ചിയതിന്‍റെയും നറുമണത്തിന്‍റെ ഓര്‍മയ്ക്ക്, ശര്‍ക്കരയുപ്പേരിയുടെ മധുരം കിനിയുന്ന ഓര്‍മയ്ക്ക്, മൂവ്വാണ്ടന്‍ മാവിന്‍റെ കനമുള്ളൊരു കൊമ്പില്‍ എല്ലാവര്‍ക്കുവേണ്ടിയും ഒരുപോലെ ആടുന്നൊരു ഊഞ്ഞാലിന്‍റെ ഓര്‍മയ്ക്ക്, നാക്കിലയിട്ടു വിളമ്പിയ തുമ്പപ്പൂച്ചോറിന്‍റെയും സാമ്പാറിന്‍റെയും  ചൂടുള്ള മണത്തിന്‍റെ ഓര്‍മയ്ക്ക്, ഉമ്മറക്കോലായിലെ ബഹളത്തിനിടയ്ക്കും മുഴങ്ങിക്കേട്ടിരുന്ന ഒരുമയുടെ താളത്തിന്‍റെ ഓര്‍മയ്ക്ക്, കള്ളവും ചതിയുമില്ലാത്ത കള്ളത്തരങ്ങള്‍ ഒട്ടുമില്ലാത്ത ഒരു നല്ല കാലത്തിന്‍റെ ഓര്‍മയ്ക്ക്, ആരുടെയൊക്കെയോ കുശുമ്പിനും അസൂയക്കും വേണ്ടി ചവിട്ടിത്താഴ്ത്തപ്പെട്ട സദ്‌ഭരണത്തിന്‍റെ ഓര്‍മയ്ക്ക്,...............

                                       നന്മകള്‍ക്കെന്നും കൂടുതല്‍ പകിട്ട് ഓര്‍മകളില്‍ തന്നെയാണ് .അക്ഷരങ്ങള്‍ക്കതിനു മനോഹരമായ ആകൃതി നല്‍കാന്‍ കഴിയില്ലെങ്കിലും .......പറയുന്നു  ........

                                                           ഓണാശംസകള്‍ 
                                                              
Thanks:google images

2015 ഓഗസ്റ്റ് 23

എന്‍റെ ദുഃഖം....

Thanks:google images

        
                   നിരന്തരം ഒരുപാട് സംസാരിക്കുന്നതിനെക്കുറിച്ചോര്‍ക്കുമ്പോഴും
 മിണ്ടാതിരിക്കാന്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന ദുഃഖം -
          
                   ഒരുപാട് സമയമുണ്ടായിട്ടും ഞാന്‍ ഒന്നും ഉപയോഗിക്കുന്നില്ലല്ലോ എന്ന ദുഃഖം -

                  ഒരുപാട് അറിവുകള്‍ ചുറ്റുമുണ്ടായിട്ടും ഞാനൊന്നും നേടിയില്ലല്ലോ എന്ന  ദുഃഖം -

                 നിരന്തരം മരണത്തെക്കുറിച്ച് ഞാനോര്‍ക്കുമ്പോഴും ജീവിതത്തിനായി  ഒന്നും  ചെയ്യുന്നില്ലല്ലോ എന്ന  ദുഃഖം -

                 ഒരുപാട് എന്തൊക്കെയോ ചെയ്യാനുണ്ടായിട്ടും ഒന്നും ചെയ്യുന്നില്ലല്ലോ എന്ന  ദുഃഖം -

                 മറ്റുള്ളവര്‍ക്ക് ഞാന്‍ നല്ല കുട്ടിയായിട്ടും എനിക്ക് ഞാന്‍ അങ്ങനെയല്ലല്ലോ എന്ന  ദുഃഖം -

                       നിങ്ങളില്‍ എത്ര പേരുണ്ട് എന്‍റെ കൂടെ ..........
                                          തുല്യദുഃഖിതരായി ..............

      

2015 ഓഗസ്റ്റ് 22

എന്ന് സ്വന്തം .......

     


 പ്രിയ സുഹൃത്തേ ........
                             
                            നീയോര്‍മിക്കാത്ത മറ്റുള്ളവരുടെയും നിന്‍റെ തന്നെയും ജന്മദിനങ്ങള്‍,ഓണം വിഷു,പെരുന്നാള്‍,ജനനം,മരണം എത്രയെത്ര വിശേഷദിനങ്ങള്‍!!! വീട്ടിലെ ചുമരില്‍ പറ്റിക്കിടന്നും മേശക്കുമുകളില്‍ ഒടിഞ്ഞിരുന്നും ഫോണിനുള്ളില്‍ മിന്നിത്തെളിഞ്ഞും ഞാനിതെല്ലാം ഓര്‍മിപ്പിക്കുന്നു.ഞാനെപ്പോഴും കഴിഞ്ഞുപോയ നാളുകളെ കുറിച്ച് വീര്‍പ്പുമുട്ടുമ്പോള്‍ നീ എന്നെ നോക്കിപ്പറഞ്ഞിരുന്നത്  നാളെയുണ്ടല്ലോ നാളെയുണ്ടല്ലോ എന്നല്ലേ ?
                                  
                         നിന്‍റെ ജീവിതം എന്നെപ്പോലെയാണ്-സുഖദുഖങ്ങള്‍ഇഴചേര്‍ന്നത്‌. ആദ്യമായി കണ്ടനാളില്‍ എനിക്ക് തന്ന വാഗ്ദാനങ്ങള്‍ നീഓര്‍മിക്കുന്നുണ്ടോ? എന്‍റെ പന്ത്രണ്ടാമത്തെ പുത്രന്‍ അവസാനശ്വാസത്തിനായി പിടയുമ്പോള്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും കുപ്പി പൊട്ടിച്ചും നീ ആഘോഷിച്ചു. നിന്‍റെ ആഘോഷങ്ങളുടെ അവസാനം മുന്‍പ് ചെയ്തത്പോലെ ഒരു നാണവുമില്ലാതെ എന്‍റെ അടുത്ത തലമുറയോട് നീ വീണ്ടും വാഗ്ദാനങ്ങള്‍ നിരത്തി .കൈത്തണ്ടയിലോടുന്ന സമയവും നെഞ്ചിനുള്ളിലെ മിടിപ്പും ഓടിത്തളരുന്നത് നീയറിഞ്ഞില്ല .

                       നീയെപ്പോഴും എന്‍റെ വേഗത്തെക്കുറിച്ച് പരാതി പറഞ്ഞു കാത്തുനില്‍ക്കാമെന്നു ഞാന്‍ നിനക്ക് വാക്കു തന്നിരുന്നുവോ ??? നിനക്കുതന്നെ വേണ്ടാത്ത നിന്‍റെ സുഖദുഃഖങ്ങളെ എന്നെന്നേക്കുമായി അടയാളപ്പെടുത്തിവെക്കാന്‍ ഞാനും എന്‍റെ പന്ത്രണ്ടുമക്കളും എല്ലാം നെഞ്ചിലടക്കിപ്പിടിച്ചുകൊണ്ടു നിന്‍റെ കൂടെയുണ്ടാകും ........ പെയ്തൊഴിഞ്ഞ മഴയും നടന്നു തീര്‍ന്ന വഴികളും ഇനിയില്ല എന്നോര്‍മിപ്പിച്ചുകൊണ്ട് നിന്‍റെ കൂടെയുണ്ടാകും ...........

                    ഒരാശ്വസത്തിനായി ഒന്ന് ചോദിച്ചോട്ടെ ...........

                   " ഓരോ ആണ്ടറുതിക്കും എന്‍റെ ഓരോ തലമുറയെയും   
                               നിങ്ങള്‍ എന്തിനാണ് തൂക്കിലേറ്റുന്നത്"

                                                                                                                എന്ന് സ്വന്തം 
                                                                                                                     കലണ്ടര്‍ 


Thanks:google image

2015 ഓഗസ്റ്റ് 13

പ്രതിബിംബം




              

              നോക്കുമ്പോഴെല്ലാം
              കാണുമ്പോഴെല്ലാം
              കണ്ണാടി പറഞ്ഞു
              ഒട്ടും ഭംഗിയില്ലെന്ന്
              ഒളിച്ചുവെച്ചും മറച്ചു പിടിച്ചും
              എഴുതിയതു കണ്ടപ്പോള്‍
              കൂട്ടുകാരി പറഞ്ഞു
              നല്ല ഭംഗിയുണ്ടെന്ന്
              കണ്ണാടി നോട്ടം നിറുത്തി
              ഒരു നല്ല പേന വാങ്ങണം ..........